അക്ബറും, സന്യാസിയും ..
ഒരിക്കല്‍ ഒരു സന്യാസി അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെത്തി. ഒരു വിശേഷാല്‍ പൂജ ചെയ്യുവാനായി ചക്രവർത്തിയുടെ കുറച്ചു പണം ചോദിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ലക്‌ഷ്യം..!!
സന്യാസി കൊട്ടാരത്തിലെത്തിയപ്പോൾ ചക്രവര്‍ത്തി പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു.
“എന്റെ സാമ്രാജ്യം ഇനിയും കൂടുതൽ വിസ്തൃതമാക്കണം. എന്റെ സാമ്രാജ്യത്തിൽ സമ്പത്ത് ഇനിയും ഒരുപാടുണ്ടാകണം” എന്നിങ്ങനെ ചക്രവർത്തി ദൈവത്തോട് തന്റെ ആവശ്യങ്ങൾ ഒന്നൊന്നായി പറയുന്നത് സന്യാസിക്ക് പുറത്തു നിന്നുതന്നെ ശ്രവിച്ച സന്യാസി മെല്ലെ തിരികെ നടന്നു.. അതുകണ്ട ചക്രവര്‍ത്തി ഉടനെത്തന്നെ സന്യാസിയെ തിരികെ വിളിച്ചു.
“താങ്കൾ, എന്തിനാണ് കൊട്ടാരത്തിലേക്കു വന്നത്” എന്ന് ചോദിച്ചു.
സന്യാസി പറഞ്ഞു “മഹാരാജാവേ.. ഞാന്‍ അങ്ങയുടെ പക്കൽ നിന്നും പൂജക്കായി അല്‍പ്പം ധനം ചോദിക്കാനാണ് വന്നത്. എന്നാല്‍ അങ്ങ്തന്നെ ദൈവത്തിന്റെ അടുക്കല്‍ ധനത്തിന് വേണ്ടി യാചിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അങ്ങയോടു സഹായം ചോദിക്കുന്നത് തീരെ ശരിയല്ല എന്ന് തോന്നി തിരികെ പോകുകയായിരുന്നു” .
ഇത് കേട്ട അക്ബര്‍ ലജ്ജിതനായി തലതാഴ്ത്തി..