90/10 നിയമം ..
ഒരു ദിവസ്സം പ്രഭാത ഭക്ഷണത്തിനായി ടോമും, കുടുംബവും മേശക്കു ചുറ്റും ഇരിക്കുമ്പോൾ, കുട്ടിയായ സാറയുടെ കയ്യ് തട്ടി ചായക്കപ്പ് വഴുതി ടോമിന്റെ ദേഹത്തേക്ക് മറിഞ്ഞു.
ഓഫിസിൽ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിനു പോകുവാനായി വളരെ വിലകൂടിയ വെളുത്ത ഷർട്ടായിരുന്നു ടോം ധരിച്ചിരുന്നത്.. അതിൽ ചായ വീണു വൃത്തികേടായതിൽ ദേഷ്യപ്പെട്ട് അദ്ദേഹം ഭാര്യയോട് കയർത്തു സംസാരിച്ചു. ചായക്കപ്പ് മേശയുടെ വക്കിൽ വെച്ചതിന് ഭാര്യയെ ശകാരിച്ചുകൊണ്ട് അകത്തുപോയി വസ്ത്രം മാറി തിരികെ എത്തിയപ്പോൾ കുഞ്ഞുസാറ കരഞ്ഞു കൊണ്ട് നിൽക്കുന്നത് കണ്ടു. അവൾ ഭക്ഷണം കഴിച്ചിട്ടില്ല. യൂണിഫോം ഇട്ടു റെഡിയായില്ല. അവൾക്കുവേണ്ടി ഹോൺമുഴക്കി കുറച്ചുനേരം കാത്തുനിന്ന് സ്‌കൂൾ ബസ് കടന്നുപോയി..!!
മകളെയും കൂട്ടി വണ്ടിയിൽക്കയറിയ അദ്ദേഹം വളരെ വേഗത്തിൽ വണ്ടിയോടിച്ചു. പ്രഭാതഭക്ഷണം കഴിക്കാൻ സമയം കിട്ടിയില്ല. മീറ്റിംഗിന് കൃത്യ സമയത്ത് ഓഫിസിൽ എത്തേണ്ടതായുണ്ട്.. റോഡിലാണെങ്കിൽ നല്ല തിരക്ക്. വഴിയിൽ കണ്ട എല്ലാവരോടും ദേഷ്യപ്പെട്ടുകൊണ്ടു ഒരുവിധം മകളെ സ്‌കൂളിലാക്കി ഓഫിസിൽ എത്തിയപ്പോൾ മീറ്റിങ് തുടങ്ങിക്കഴിഞ്ഞു. തന്റെ പ്രെസന്റേഷന് സമയമായപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്, തിടുക്കത്തിൽ പോന്നപ്പോൾ ലാപ്പ്ടോപ്പ് ബാഗ് എടുക്കാൻ മറന്നു. മീറ്റിങ്ങിനു വേണ്ട എല്ലാ ഡേറ്റയും അതിലാണുള്ളത്.. അതിന്റെപേരിൽ, ബോസ്സിന്റെ ശകാരവും കേൾക്കേണ്ടിവന്നു.. വളരെ മോശമായ ഒരു ദിവസമായിരുന്നു അത്..
ഒരുവിധം ജോലിയൊക്കെ തീർത്തു വൈകുന്നേരം വീട്ടിലെത്തിയപ്പോൾ, ഭാര്യ അദ്ദേഹത്തെ കാണാത്ത മട്ടിൽ അടുക്കളയിൽ ജോലിയിൽ മുഴുകി നിൽക്കുന്നു.. എന്നും ഓടിവന്നു കെട്ടിപ്പിടിച്ചുമ്മ തരുന്ന മകൾ സങ്കടത്തോടെ മാറിനിൽക്കുന്നു.. വല്ലാത്ത ഹൃദയഭാരത്തോടെ മുറിയിലെത്തി മുഖം കഴുകുമ്പോൾ കണ്ണാടിയിൽ നോക്കി അദ്ദേഹം സ്വയം ചോദിച്ചു…!!
സത്യത്തിൽ എന്താണിന്നു സംഭവിച്ചത് ? എന്തുകൊണ്ടാണ് ഇന്നത്തെ ദിവസ്സം ഇത്രയും മോശമായത് ?
സാറയുടെ കൈതട്ടി ചായക്കപ്പ് എന്റെമേൽ വീണതുകൊണ്ടാണോ ?
സ്‌കൂൾ ബസ് മിസ്സായ മകളെ സ്‌കൂളിൽ എത്തിക്കേണ്ടി വന്നതുകൊണ്ടാണോ ?
ഗതാഗതക്കുരുക്കു കാരണം ഓഫിസിലെത്താൻ വൈകിയതുകൊണ്ടാണോ ?
അതോ, ഷർട്ടിൽ ചായവീണപ്പോഴുണ്ടായ എന്റെ പ്രതികരണം മൂലമാണോ ??
തീർച്ചയായും എന്റെ പ്രതികരണമാണ് ഇതിനെല്ലാം കാരണം.. ചായ ഷർട്ടിൽ മറിഞ്ഞപ്പോൾ മകളെയും, ഭാര്യയേയും ശകാരിക്കുന്നതിനു പകരം, സ്നേഹത്തോടെ കാര്യം പറഞ്ഞു മനസ്സിലാക്കിയിരുന്നുവെങ്കിൽ, മകളുടെ സ്‌കൂൾബസ് മിസ്സാവില്ലായിരുന്നു.. ഞാൻ ഓഫിസിൽ സമയത്തു എത്തുമായിരുന്നു. ലാപ്ടോപ്പ് ബാഗ് എടുക്കാൻ ഭാര്യ ഓർമ്മപ്പെടുത്തുമായിരുന്നു, എന്നത്തേയും പോലെ.. വൈകിട്ട് വീട്ടിലെത്തുമ്പോൾ ഭാര്യയും, മകളും എനിക്ക് വേണ്ടി കാത്തുനിൽക്കുമായിരുന്നു..
നമ്മുടെ ജീവിതത്തിലെ 10% സംഭവങ്ങൾ നിയന്ത്രിക്കാൻ നമുക്ക് കഴിയില്ല. ഒരുപകരണം വീണുടയുന്നതു തടയാനോ, ഫ്ലൈറ്റ് വൈകുന്നത് തടയാനോ നമുക്ക് സാധിക്കില്ല. എന്നിരുന്നാലും, അത്തരം കാര്യങ്ങളോടുള്ള നമ്മുടെ പ്രതികരണം തീർച്ചയായും നമുക്ക് നിയന്ത്രിക്കാൻ കഴിയും. നമ്മുടെ ജീവിതത്തിലെ 90% കാര്യങ്ങളും നമ്മുടെ പ്രതികരണങ്ങളുടെ ഫലമാണ്. നമ്മുടെ ഓരോ ദിവസ്സവും എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്… പ്രശ്നങ്ങളോട് വിവേകപൂർവം പ്രതികരിക്കാനുള്ള കഴിവ് ജീവിതവിജയത്തിന്റെ ഒരു അളവുകോലാണ്..
by Stephen Covey