നാളത്തെ ദിവസ്സം ഇന്നത്തേക്കാൾ മികച്ചതായിരിക്കുമെന്ന് വിശ്വസിക്കുക..
ഒരിക്കൽ ഒരു വീഡിയോഗ്രാഫർ കാട്ടിലൂടെ നടക്കുമ്പോൾ ചിത്രശലഭത്തിന്റെ ഒരു കൊക്കൂൺ കണ്ടെത്തി.. ചിത്രശലഭത്തിന്റെ ജീവിതചക്രം ചിത്രീകരിക്കുക എന്ന തന്നെ ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കുവാനായി അദ്ദേഹം തന്റെ ക്യാമറയുമായി കാത്തിരുന്നു.. ദിവസങ്ങൾ കടന്നുപോയി.. കൊക്കൂണിന്റെ പുറന്തോട് പൊട്ടിച്ചു പുറത്തുവരാൻ കഷ്ടപ്പെടുന്ന ഒരു ജീവിയുടെ പരാക്രമങ്ങൾ അദ്ദേഹത്തിന് കേൾക്കാമായിരുന്നു.
ഒരു ദിവസ്സം കൊക്കൂണിൽ ഒരു ചെറിയ വിടവ് കാണപ്പെട്ടു. അതിലൂടെ പുറത്തുവരാൻ ദിവസങ്ങളായി പാടുപെടുന്ന ചിത്രശലഭത്തെ കണ്ട് ദയ തോന്നിയ അയാൾ, കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ചു ആ ദ്വാരമൊന്ന് വലുതാക്കി കൊടുത്തു. ചിത്രശലഭം അനായാസേന പുറത്തുവരുന്നതുകണ്ടു സന്തോഷത്തോടെ അയാൾ അതെല്ലാം തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു.
മറ്റു ചിത്രശലഭങ്ങളിൽ നിന്നും വിഭിന്നമായി അതിന് വീർത്ത ശരീരവും ഭംഗിയും, വലുപ്പവും കുറഞ്ഞ ചിറകുകളുമാണുള്ളത് എന്നദ്ദേഹത്തിനു മനസ്സിലായി.. എന്നാലും, ചിത്രശലഭം പറന്നുയരുന്ന കാണാൻ അദ്ദേഹം കാത്തിരുന്നു.. ഒന്നും സംഭവിച്ചില്ല.. വീർത്ത ശരീരവും, കുഞ്ഞു ചിറകുകളുമായി ചിത്രശലഭം നിലത്തുകൂടി ഇഴഞ്ഞുനടന്നു.. ഒരിക്കലും പറന്നില്ല..!! ഒരു ദിവസ്സം ആ ശലഭത്തെയും കൊണ്ടയാൾ സുഹൃത്തായ മൃഗ ഡോക്ടറുടെ അടുത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾ ഡോക്ടർ പറഞ്ഞു..
“ഒരു ചിത്രശലഭത്തിന്റെ ജീവിത ചക്രത്തിൽ ഏറ്റവും പ്രധാനമായ ഒരു ഘട്ടമാണ് സ്വപ്രയത്നത്താൽ കൊക്കൂൺ പൊട്ടിച്ചു പുറത്തു വരുക എന്നത്.. ആ സമയത്ത്, ശരീരത്തിൽ നിന്നും ചിറകുകളിലേക്കു പ്രവഹിക്കുന്ന എന്സൈമുകളും, രക്തവുമാണ് അതിന്റെ ചിറകുകൾ പറക്കുവാൻ ശക്തമാക്കുന്നത്. ഇവിടെ നിങ്ങൾ അതിന്റെ കൊക്കൂൺ മുറിച്ചു കൊടുത്തപ്പോൾ ആ പ്രക്രിയ നടക്കാതെപോയി. അതിനാലാണ് ശലഭത്തിനു പറക്കാൻ ശക്തിയുള്ള ചിറകുകൾ ഇല്ലാതെപോയത്”
സ്വന്തം പ്രവർത്തിയെപ്പറ്റിയോർത്തു കുറ്റബോധത്തോടെ, ആ ഫോട്ടോഗ്രാഫർ ചിത്രശലഭത്തെ ഉപേക്ഷിച്ചു നടന്നുനീങ്ങി..!!
നമ്മുടെ ജീവിതത്തിലെ പോരാട്ടങ്ങളാണ് നമ്മെ ശക്തരാക്കുന്നത്.. പ്രകുതിയിലേക്കു നോക്കൂ… അവിടെ എല്ലാ കാര്യങ്ങളും സ്വയം സംഭവിക്കുകയാണ്.. പ്രകൃതിക്ക് ആരുടേയും ഒരു സഹായവും ആവശ്യമില്ല. പോരാട്ടങ്ങൾ ജീവിതയാത്രയുടെ ഭാഗമാണ്.. വരാനിരിക്കുന്ന നാളെക്കായി നമ്മളെ പ്രാപ്തരാക്കുന്നത് ജീവിതത്തിലെ പോരാട്ടങ്ങളാണ്. അതുകൊണ്ട്, സന്തോഷത്തോടെ മുന്നേറൂ.. യുദ്ധങ്ങൾ നമ്മൾ ജയിച്ചേ മതിയാവൂ.. !!
“believe that tomorrow will be better than today”
ഇന്നു നിങ്ങൾ ഒരു കൊക്കൂണിനുള്ളിൽ കിടക്കുന്ന നിസ്സഹായയായ ഭംഗിയും, നിറവും, പറക്കാൻ ശേഷിയുമില്ലാത്ത ഒരു പുഴുവായിരിക്കാം.. പക്ഷെ, സ്വപ്രയത്‌നത്താൽ ആ കൊക്കൂൺ പൊട്ടിച്ചു പുറത്തുവരാൻ തയ്യാറായാൽ കണ്ണിനു കുളിരേകുന്ന, ഭംഗിയുള്ള, നിറമുള്ള ഒരു ചിത്രശലഭമാകാം എന്ന കാര്യം ഇപ്പോഴും ഓർക്കുക..!!