×

ഭാര്യയുടെ പ്രേതം..

തന്റെ ഭര്‍ത്താവുമൊത്തു വളരെ സന്തോഷമായി ജീവിച്ചുപോന്ന ഒരു സ്ത്രീക്ക് രോഗം കലശലായപ്പോൾ അവർ അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു.

“ഞാന്‍ അങ്ങയെ വളരെയധികം സ്‌നേഹിക്കുന്നു. അങ്ങയെ തനിച്ചാക്കി പോകുവാൻ എനിക്കു മനസ്സുവരുന്നില്ല. ഞാന്‍ മരിച്ചാലും മറ്റൊരു സ്ത്രീയെയും പങ്കാളിയാക്കില്ലെന്ന് അങ്ങെനിക്കു വാക്കുതരണം.”

ഭാര്യയെ അതിയായി സ്നേഹിച്ചിരുന്ന ഭർത്താവ്, അൽപ്പം പോലും ചിന്തിക്കാതെ ഭാര്യക്ക് വാക്കുകൊടുത്തു. അപ്പോൾ ഭാര്യ പറഞ്ഞു.

“എനിക്ക് തന്ന വാക്ക് തെറ്റിച്ചുകൊണ്ട് അങ്ങ് മറ്റൊരു സ്ത്രീയെ പങ്കാളിയാക്കിയാൽ ഞാനൊരു പ്രേതമായി വന്ന് അങ്ങയെ വേട്ടയാടും”. ഭർത്താവ് സമ്മതിച്ചു.

ഭാര്യ മരണപ്പെട്ടു നാളേറെകഴിഞ്ഞിട്ടും അദ്ദേഹം മറ്റുസ്ത്രീകളുമായി ബന്ധം പുലര്‍ത്താതെ ഭാര്യക്ക് കൊടുത്ത വാക്കു പാലിക്കാൻ ശ്രദ്ധിച്ചു.. വളരെക്കാലത്തിനു ശേഷം അദ്ദേഹം ഒരു സ്ത്രീയുമായി പ്രണയത്തിലാകുകയും, അവരെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. അന്ന് രാത്രിയിൽ, മരിച്ചുപോയ ഭാര്യയുടെ പ്രേതം അദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വാക്കുതെറ്റിച്ച ഭര്‍ത്താവിനെ അവര്‍ ശകാരിച്ചു.

അതിനുശേഷം, എല്ലാ ദിവസവും രാത്രിയിൽ ഭാര്യയുടെ പ്രേതം അദ്ദേഹത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഓരോ ദിവസവും പ്രണയിനിയുമായി പങ്കുവെച്ച കാര്യങ്ങള്‍ കൃത്യമായി പ്രേതം അദ്ദേഹത്തെ പറഞ്ഞു കേള്‍പ്പിക്കുകയും, അതിന്റെ പേരിൽ ഭർത്താവിനെ ശകാരിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഭാര്യയുടെ പ്രേതം മൂലം ഉറക്കം നഷ്ടപ്പെട്ട അദ്ദേഹം ഒരു സെന്‍ഗുരുവിനോട് ഉപദേശം തേടി.

കഥമുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ ഗുരുവിനു ആശ്ചര്യം തോന്നി. അദ്ദേഹം പറഞ്ഞു.

“ആ പ്രേതം വളരെ സമര്‍ഥയാണ്.. “

“ശരിയാണെന്ന് ഗുരോ. ഞാന്‍ ചെയ്യുകയും, പറയുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും പ്രേതം വളരെ വിശദമായി മനസ്സിലാക്കുന്നു. അതിന്റെ പേരിൽ എന്നെ ശകാരിക്കുകയും, പഴയ പ്രതിജ്ഞയെപ്പറ്റി ഓർമ്മിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.” അദ്ദേഹം മറുപടി പറഞ്ഞു.

“ഈ പ്രേതത്തിന്റെ കഴിവുകൾ ശെരിക്കും പ്രശംസനീയമാണ്. എന്തായാലും, അടുത്തവട്ടം കാണുമ്പോൾ എന്തു ചെയ്യണമെന്നകാര്യം ഞാന്‍ പറഞ്ഞുതരാം”

അന്നുരാത്രിയിലും പതിവുപോലെ പ്രേതമെത്തി. അപ്പോൾ അദ്ദേഹം ഗുരുവിന്റെ ഉപദേശപ്രകാരം ഇങ്ങനെ പറഞ്ഞു.

“നീ വളരെ സമര്‍ത്ഥയാണ്. നിന്നില്‍ നിന്നും ഒന്നും ഒളിക്കാൻ എനിക്ക് കഴിയില്ലെന്ന് നിനക്കറിയാം. ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ നിന്റെ ആഗ്രഹം പോലെ ഞാന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ഇനിയുള്ള കാലം സ്ത്രീകളുമായി ബന്ധമില്ലാതെ ജീവിക്കുകയും ചെയ്തുകൊള്ളാം.”

എന്നിട്ട്, ഗുരു പറഞ്ഞതുപോലെ തറയിൽ വെച്ചിരുന്ന ചാക്കില്‍ നിന്നും ഒരുപിടി പയര്‍മണികളെടുത്തുകൊണ്ടു ചോദിച്ചു.

“എന്റെ കയ്യില്‍ എത്ര പയര്‍മണികളുണ്ടെന്ന് പറയ”. ചോദ്യം കേട്ടമാത്രയിൽ പ്രേതം അപ്രത്യക്ഷമായി. പിന്നീടൊരിക്കലും ഇയാള്‍ക്ക് പ്രേതശല്യം ഉണ്ടായില്ല.


Join the discussion!