മുല്ലയുടെ തല ..
തന്റെ അപ്രീതിക്ക് പാത്രമായ മുല്ലാ നസ്രുദ്ദീനെ ശിരച്ഛേദം ചെയ്ത്, ശിരസ്സ് രാജസഭയിലെത്തിക്കാൻ അക്ബർ ചക്രവർത്തി ആജ്ഞാപിച്ചു.
വാർത്തയറിഞ്ഞ മുല്ലാ വളരെ അസ്വസ്ഥനായിരുന്നു. അദ്ദേഹം ബിർബലിന്റെ അടുത്തുചെന്നു രക്ഷപെടാനുള്ള മാർഗ്ഗം ആരാഞ്ഞു.
“ഇതൊരു വിഷമകരമായ സാഹചര്യമാണ്, പക്ഷേ ഞാൻ ശ്രമിക്കാം. ബാക്കി നിങ്ങളുടെ ഭാഗ്യമാണ്” എന്ന് പറഞ്ഞുകൊണ്ട് ബിർബൽ ഒരുപായം നിർദേശിച്ചു.
ശിരച്ഛേദത്തിനായി വന്ന രാജഭടനോടൊപ്പം ജീവനോടെ രാജസഭയിലെത്തിയ മുല്ലയെ കണ്ടു ക്ഷുഭിതനായ ചക്രവർത്തി ഭടനോടു ചോദിച്ചു.
“മുല്ലയുടെ തലയറുത്ത് കോടതിയിലെത്തിക്കാനല്ലേ നിങ്ങളോടു ഞാൻ ആജ്ഞാപിച്ചത്?”
ഇതുകേട്ട മുല്ല വിനയത്തോടെ പറഞ്ഞു, “ഇത് അദ്ദേഹത്തിന്റെ തെറ്റല്ല, മഹാരാജൻ. ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ്.. കാരണം, അങ്ങയുടെ ആവശ്യങ്ങൾ മറ്റൊരാളെ ഏൽപ്പിച്ചാൽ അതവർ ശെരിയായി ചെയ്യുമോ എന്ന കാര്യത്തിൽ എനിക്ക് വിശ്വാസം കുറവാണ്. അതുകൊണ്ട്, ഈ ജോലി ഞാൻ തന്നെ ചെയ്യാമെന്ന് കരുതി എന്റെ തല ഞാൻ തന്നെ എന്റെ ചുമലിൽ ചുമന്നുകൊണ്ടുവരാമെന്നു കരുതി.. ഇതാ രാജൻ, എന്റെ തല അങ്ങയുടെ മുന്നിലുണ്ട്..”
ഈ പ്രതിരോധത്തിൽ വളരെയധികം സന്തുഷ്ടനായ അക്ബർ, തല സ്വന്തം ചുമലിൽ തന്നെ വെക്കാൻ മുല്ലയെ അനുവദിച്ചു..