×

അക്ബറും, ബീർബലും..

തന്റെ രാജ്യസഭാംഗങ്ങളോട് വിചിത്രമായ പല ചോദ്യങ്ങളും ചോദിക്കുകയെന്നത് അക്‌ബറ ചക്രവർത്തിയുടെ ഒരു വിനോദമായിരുന്നു. ഒരു ദിവസ്സം അദ്ദേഹം, തന്റെ രാജ്യസഭയിലെ സിംഹാസനത്തിലുരുന്ന് തന്റെ സഭാംഗങ്ങളോട് ചോദിച്ചു.

“എന്റെ മീശ പിടിച്ചുവലിക്കുന്ന ഒരാൾക്ക് എന്ത് ശിക്ഷ നൽകണം?”

“അവനെ ശിരഛേദം ചെയ്യണം.” കേട്ടയുടനെ ഒരാൾ പറഞ്ഞു.

മറ്റൊരാൾ പറഞ്ഞു, “അവനെ ചാട്ടവാറിനടിക്കണം”

“അവനെ തൂക്കിക്കൊല്ലണം..” മൂന്നാമൻ പറഞ്ഞു.

എല്ലാം കേട്ടിരുന്ന ചക്രവർത്തി, പണ്ഡിതശ്രേഷ്ഠനായ ബീര്ബലിനോട് ചോദിച്ചു.

“ബിർബൽ, നിങ്ങൾക്കെന്തു തോന്നുന്നു?”

ഒരു നിമിഷം മൗനം ഭജിച്ചശേഷം ബീർബൽ പറഞ്ഞു “മഹാരാജാവേ.. അവനു മധുരപലഹാരങ്ങൾ നൽകണം.”

“എന്ത് ? നിങ്ങൾക്ക് ഭ്രാന്താണോ? നിങ്ങൾ എന്താണ് പറയുന്നതെന്ന് അറിയാമോ?” ചക്രവർത്തി രോഷത്തോടെ ചോദിച്ചു.

“എനിക്ക് ഭ്രാന്തല്ല. മഹാരാജാവേ.. ഞാൻ എന്താണ് പറയുന്നതെന്ന് എനിക്കു നന്നായറിയാം” ബീർബൽ ശാന്തനായി മറുപടി നൽകി.

“പിന്നെ.. നിങ്ങൾക്കെങ്ങനെ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുന്നു..” ? രാജാവ് കോപം കൊണ്ട് ചുവന്നു.

ശാന്തനായി ബീർബൽ വീണ്ടും മറുപടി പറഞ്ഞു,

“മഹാരാജാവേ.. അത് ചെയ്യാൻ ധൈര്യപ്പെടുന്ന ഒരേയൊരു വ്യക്തി നിങ്ങളുടെ ചെറുമകനാണ്..”

ബീർബലിന്റെ ഉത്തരംകേട്ട രാജാവ്, സന്തോഷത്തോടെ തന്റെ മോതിരം അദ്ദേഹത്തിന് സമ്മാനമായി നൽകി.


Join the discussion!