×

“അങ്ങനെയോ..?”

ഗ്രാമത്തിൽ ഭക്ഷണശാല നടത്തിയിരുന്ന മാതാപിതാക്കളുടെ സുന്ദരിയായ ബാലിക ഗർഭിണിയാണെന്ന് ഒരുനാൾ അറിയുന്നു. ആരാണ് ഉത്തരവാദി എന്ന നിരന്തരമായ ചോദ്യത്തിന് അവൾ ഹക്ഇൻ എന്ന പേര് പറയുന്നു. ഹക്ഇൻ, ആ ഗ്രാമത്തിൽ വളരെ ആത്മീയമായ ജീവിതം നയിക്കുന്ന, ഗ്രാമവാസികൾ ഒരുപാടിഷ്ടപ്പെട്ടിരുന്ന ഒരു ഗുരുവായിരുന്നു.. ക്ഷുഭിതരായ മാതാപിതാക്കൾ ഗുരുവിന്റെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു.

“അങ്ങനെയോ .. ?” എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാർത്തയറിഞ്ഞ ഗ്രാമവാസികൾ ഗുരുവിനെ വെറുത്തു തുടങ്ങി. ശാപവാക്കുകൾ പറഞ്ഞു. പെൺകുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചു. അവളുടെ മാതാപിതാക്കള്‍ കുട്ടിയുമായി ഗുരുവിന്റെ അടുത്തെത്തി. കുഞ്ഞിനെ പരിചരിക്കുന്നത് അദ്ദേഹത്തിന്റെ കടമാണെന്നു പറഞ്ഞു.

“അങ്ങനെയോ ” എന്ന് മാത്രം ചോദിച്ചുകൊണ്ട് ഗുരു കുഞ്ഞിനെ സ്വീകരിച്ചു. അതിനെ നന്നായി പരിചരിച്ചു വളർത്തി. കുറച്ചുനാളുകൾക്ക് ശേഷം വല്ലാതെ കുറ്റബോധം തോന്നിത്തുടങ്ങിയ ബാലികയായ ‘അമ്മ, അവിടടുത്ത ചന്തയിൽ ജോലി ചെയ്യുന്ന യുവാവാണ് തന്റെ കുഞ്ഞിന്റെ യാഥാർത്ഥ പിതാവെന്ന് സ്വന്തം മാതാപിതാക്കളെ അറിയിച്ചു. അവരപ്പോൾത്തന്നെ, ഗുരുവിന്റെയടുത്തുവന്നു ചെയ്തുപോയ തെറ്റിന് മാപ്പപേക്ഷിച്ചു. കുഞ്ഞിനെ തിരികെ നൽകുവാൻ അപേക്ഷിച്ചു.
സന്തോഷത്തോടെ കുഞ്ഞിനെ തിരികെ നൽകുമ്പോൾ ഗുരു ഇത്രമാത്രം പറഞ്ഞു.

“അങ്ങനെയോ.. ? ” (Is that so ..?)


Join the discussion!