ഗ്രാമത്തിലേക്കുള്ള യാത്ര ..
ഒരു പട്ടണത്തിലെ അതിസമ്പന്നനായ മനുഷ്യൻ ഒരു ദിവസം തന്റെ മകനുമായി വളരെ ദരിദ്രമായ ഒരു ഗ്രാമത്തിലേക്ക് യാത്രപോയി. സമ്പന്നതയുടെ നടുവിൽ ജീവിക്കുന്ന തന്റെ മകനെ, ദരിദ്രരുടെ ജീവിതം കാണിച്ചു കൊടുക്കുക എന്നതായിരുന്നു യാത്രയുടെ ലക്‌ഷ്യം. വളരെ ദരിദ്രരായ മനുഷ്യർ ജീവിക്കുന്ന ഗ്രാമത്തിൽ അവർ കുറെ ദിവസം ചിലവഴിച്ചശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ പിതാവ് മകനോട് ചോദിച്ചു,
“നിനക്ക് യാത്ര ഇഷ്ടമായോ..”
“ഒരുപാടിഷ്ടമായി അച്ഛാ” കുട്ടി മറുപടി പറഞ്ഞു.
“ദരിദ്രരായ മനുഷ്യരുടെ ജീവിതം എങ്ങനെയാണെന്ന് നീ ശ്രദ്ധിച്ചോ? ”
“തീർച്ചയായും അച്ഛാ… ” കുട്ടി പറഞ്ഞു.
യാത്രയിൽ അവനിഷ്ടമായ കാര്യങ്ങളെപ്പറ്റി പറയുവാൻ പിതാവ് മകനോട് ആവശ്യപ്പെട്ടു.
“അച്ഛാ.. നമുക്ക് ഒരു നായ മാത്രമേയുള്ളൂ, പക്ഷെ, അവർക്ക് ധാരാളം നായ്ക്കളുണ്ട്. നമ്മുടെ പൂന്തോട്ടത്തിൽ ഒരു കുളം മാത്രമേയുള്ളൂ. പക്ഷേ, അവർക്ക് വിശാലമായ നദിയുണ്ട്.. നമുക്ക് രാത്രിയിൽ വെളിച്ചം കാണുവാൻ വിളക്കുകൾ മാത്രമേയുള്ളൂ, പക്ഷേ, രാത്രിയിൽ അവരുടെ തലയ്ക്ക് മുകളിൽ ഒരുപാട് നക്ഷത്രങ്ങളുണ്ട്. എനിക്ക് കളിക്കാൻ ചെറിയൊരു കളിസ്ഥലം മാത്രമേയുള്ളൂ, പക്ഷേ അവിടുത്തെ കുട്ടികൾക്ക് കളിക്കാൻ വിശാലമായ വയലുകൾ ഉണ്ട്.. നമ്മൾ ഭക്ഷണസാധനങ്ങൾ വിലകൊടുത്തു വാങ്ങുമ്പോൾ അവരത് സ്വന്തമായി കൃഷി ചെയ്യുന്നു. നമ്മുടെ വീടിന്റെ സംരക്ഷണത്തിനായി ചുറ്റിലും ഉയർന്ന മതിലുണ്ട്. പക്ഷേ, അവരുടെ സുഹൃത്തുക്കൾ അവരെ സംരക്ഷിക്കുന്നതിനാൽ അവിടെ മതിലുകളില്ല..
മകന്റെ വാക്കുകൾ കേട്ട് സ്തബ്ധനായ അച്ഛന് ഒരു വാക്കുപോലും മറുപടി പറയാൻ കഴിഞ്ഞില്ല.
“അച്ഛാ, നമ്മൾ എത്ര ദരിദ്രരാണെന്ന് കാണാൻ എന്നെ അനുവദിച്ചതിന് നന്ദി.” കുട്ടി കൂട്ടിച്ചേർത്തു.
മനുഷ്യർ വ്യത്യസ്തരാണ്. അവരുടെ ചിന്തകളും, കാഴചപ്പാടുകളും വ്യത്യസ്തമാണ്. വിജയം, സന്തോഷം, സമ്പന്നത എന്നിവയുടെ നിർവചനവും ഓരോ വ്യക്തികൾക്കും വ്യത്യസ്തമാണ്. യഥാർത്ഥ സമ്പത്തും, സന്തോഷവും ഭൗതിക വസ്തുക്കളാളല്ല അളക്കപ്പെടുന്നത്.